“അയ്യോ പിണങ്ങല്ലേ.. ബാക്കി പറ ”
“മം… ”
ദേവൻ അച്ചടക്കമുള്ള കുട്ടിയായി ഇരുന്നു
“തരം കിട്ടുമ്പോഴൊക്കെ ആളെന്നോട് വഴക്കിനു വരും.”
“അമ്മയും അച്ഛനും ഒന്നും പറയില്ലേ..? ”
“അവർ പാവങ്ങൾ എന്ത് പറയാനാ അവരോടും തട്ടി കേറും ”
“മം ”
” ദിലീപേട്ടന് ഡെൽഹിൽ ജോലി കിട്ടിയപ്പോ ഞാനും കൂടെ പൊന്നു.അവിടെ വെച്ചാണ് ഞങ്ങൾക്ക് കിച്ചു ഉണ്ടായത്.ഇടയ്ക്കിടെ നാട്ടിലൊക്കെ പോകും അമ്മയ്ക്കും അച്ഛനും വലിയ സന്തോഷം ആണ്. ഞങ്ങൾക്കും.”
പിന്നീട് സംസാരിച്ചപ്പോൾ അവളുടെ ശബ്‌ദം ഇടറിയത് ദേവൻ ശ്രദ്ധിച്ചു.
” ഒരു ദിവസം ഓഫീസിൽ നിന്ന് വരുമ്പോൾ ഒരു ആക്‌സിഡന്റ്. എന്റെ സന്തോഷം അന്ന് അവസാനിച്ചു.ദിലീപേട്ടൻ പോയി. ഞാനും മോനും ഒറ്റക്കായി.അച്ഛനും അമ്മയും ഞങ്ങളെ കൂട്ടി കൊണ്ട് നാട്ടിൽ വന്നു. അവർ ഞങ്ങളെ നോക്കാൻ ഒരുപാട് ബുദ്ധിമുട്ടി.പെൻഷൻ പൈസ കൊണ്ട് എന്താവാനാ.നാത്തൂന്റെ പെരുമാറ്റത്തിന് ഒരു മാറ്റവും ഇല്ലായിരുന്നു ”
ദേവൻ ശ്രദിച്ചു കേട്ടിരുന്നു

“ആരെയും ബുദ്ധിമുട്ടിക്കണ്ടാന്ന് ഞാൻ തീരുമാനിച്ചു.എറണാകുളത്തു ജോലി കിട്ടി എന്ന് കള്ളം പറഞ്ഞു ഞാൻ മോനുമായി ഇറങ്ങി.എന്നെ പഠിപ്പിച്ച ടീച്ചറിന്റെ അഡ്രെസ്സ് എന്റെ കൈയിൽ ഉണ്ടാരുന്നു.ഞാൻ അവിടേക്ക് പോയി. അവിടെ ചെന്നപ്പോൾ ടീച്ചർ സ്ഥലമാറി പോയെന്നാണ് അറിയാൻ കഴിഞ്ഞത്. വീട്ടിലേക്ക് എന്തായാലും ഇല്ലന്ന് തീരുമാനിച്ചു.ഒറ്റപ്പെടലും മോന്റെ അസുഖവും എല്ലാം എന്നെ തളർത്തി.മുന്നിൽ ട്രാക്ക് മാത്രേ കണ്ടുള്ളു ജീവിതം അവസാനിപ്പിക്കാനുള്ള എളുപ്പ വഴി.ഒരു കൊച്ച് കുട്ടിയെ പോലെ ഞാൻ പകച്ചിരുന്നു ”
ഒരു കൊച്ച് പയ്യൻ ആശുപത്രി വരാന്തയിൽ ഇരുന്നു പൊട്ടി കരയുന്നു.മുന്നിൽ വിജനത മാത്രം ഹൃദയം പറിച്ചെറിയുന്ന സങ്കടം.പ്രതീക്ഷകൾ അസ്തമിച്ച ജീവിതം.
അർച്ചനയുടെ വാക്കുകൾ കേട്ടപ്പോൾ ദേവന്റെ മനസ്സിൽ കൊള്ളിയാൻ പോലെ മിന്നി മറഞ്ഞ ദൃശ്യം അതായിരുന്നു.താൻ മറക്കാൻ ആഗ്രഹിക്കുന്ന ദൃശ്യം. പെട്ടന്ന് ദേവൻ തന്റെ ചിന്തയിൽ നിന്നും ഉണർന്നു അർച്ചനയുടെ വാക്കുകൾക്ക് കാതോർത്തു.