ഭാഗം 39
ആരായിരിക്കും ഈ രാത്രിൽ ഇങ്ങോട്ട് വരുന്നത്? ഏതായാലും പുറമേ നിന്ന് വരാൻ വാഹിദ് മാത്രമേയുള്ളൂ. മറ്റാർക്കും ഇങ്ങോട്ട് എത്തിപ്പെടാൻ അത്ര എളുപ്പമല്ല. എങ്ങിനെ ഇവിടെയെത്തിച്ചേരാം എന്ന് താനാണ് അവന് പറഞ്ഞു കൊടുത്തത്. അപ്പൊ പിന്നെ തുഷാറും ജോർജും ആയിരിക്കുമോ? എന്ത് കൊണ്ടാണ് അവർ തനിക്ക് മുമ്പേ ഇവിടെ എത്താഞ്ഞത്? തന്നെക്കാൾ കൂടുതൽ അവർക്കല്ലേ അവനെ ഇവിടെ ആവശ്യം? ഡെന്നീസ് ഇരുന്ന ഇരുപ്പിൽ ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു കൂട്ടുകയും സ്വയം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.
ഇവിടെയാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. പക്ഷെ അവയൊന്നും ഇവിടെ കാണാനില്ല. ചാക്കിൽ കെട്ടി ഭദ്രമായി അടുക്കി വച്ചിരുന്ന കഞ്ചാവൊക്കെ എവിടേക്ക് പോയി? ആരാണ് അവയൊക്കെ മാറ്റിയത്? കിടക്കാനുള്ള മരക്കമ്പു കൂട്ടിക്കെട്ടിയുണ്ടാക്കിയ കട്ടിലും അതിലൊരു മുഷിഞ്ഞ കിടക്കയും മാത്രമേ അവിടെയുള്ളൂ. താൻ വരുന്നതിനു മുമ്പ് ആരോ വന്നു അവയൊക്കെ മാറ്റിയിട്ടുണ്ട്, അഥവാ തന്നോട് വരാൻ പറഞ്ഞിട്ട് താൻ വരുന്നതിനു മുമ്പേ ആരോ വന്നു പോയിട്ടുണ്ട്. എങ്കിൽ ആ ചാക്ക്കെട്ടുകൾ എവിടെക്ക് മാറ്റി.?
കുറച്ച് കഴിഞ്ഞപ്പോൾ കാലൊച്ചകൾ കുറേകൂടി അടുത്തു വന്നു. കുടിലിന്റെ പനയോല വാതിലിന്റെ വിടവിലൂടെ അയാൾ വെളിയിൽ നോക്കി. കൈയിൽ ലൈറ്ററോ തീപ്പെട്ടിയോ ഇല്ല, വിളക്ക് തെളിയിക്കാൻ. അത് എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിക്കാനും കഴിഞ്ഞില്ല. പെട്ടന്ന് പുറത്തു ടോർച്ചിന്റെ വെളിച്ചം പരന്നു. വാതിൽ എടുത്തു മാറ്റാൻ ശ്രമിക്കുന്ന ശബ്ദം കേട്ടപ്പോൾ ഡെന്നീസ് എഴുന്നേറ്റ് കുറച്ച് പിന്നിലേക്ക് മാറി ഇരുളിൽ പതുങ്ങി. വാതിൽ തുറന്ന് വെളിച്ചം അകത്തേക്ക് കയറി. അയാൾ മുറിയിൽ തീർച്ചടിച്ചു ആകെയൊന്നു ഒന്ന് പരിശോധിച്ചു.