സാമിന്റെ പുറത്ത് മുഖമമർത്തി, അവന്റെ അരക്കെട്ടിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് അവൾ ആ വേഗത ആസ്വദിച്ചു.
ദീർഘനേരത്തെ ആ സുഖകരമായ നിശബ്ദതയ്ക്ക് ശേഷം, അവളുടെ മനസ്സിൽ കാലങ്ങളായി ഒളിഞ്ഞു കിടന്ന ആ ചോദ്യം പുറത്തേക്ക് വന്നു.
നതാഷ: “സാം… ഒരുകാര്യം ചോദിക്കട്ടെ….
സാം :ഹാ… ചോദിച്ചോ…എന്താ….?!
നാതാഷ :”എനിക്ക് നിങ്ങളെക്കുറിച്ച് ഒന്നും അറിയില്ല.
ഇതുവരെ ചോദിക്കണം എന്ന് തോന്നിയില്ല, അല്ലെങ്കിൽ ചോദിക്കാൻ ഭയമായിരുന്നു ഈ കാര്യങ്ങളെ പറ്റി…
നിങ്ങളുടെ കുടുംബം, സ്ഥലം… ഒക്കെ എവിടെയാണ് സാം?”
ആ ചോദ്യം കേട്ടതും സാമിന്റെ ശരീരം ഒന്ന് വലിഞ്ഞുമുറുകിയത് നതാഷ അറിഞ്ഞു.
ഹെൽമെറ്റിനുള്ളിൽ നിന്ന് ഒരു ദീർഘനിശ്വാസം പുറത്തേക്ക് വന്നു.
സാം: (പതിഞ്ഞ സ്വരത്തിൽ) “എന്തിനാ നതാഷാ ഇതൊക്കെ ഇപ്പോൾ അറിഞ്ഞിട്ട്?
നമ്മൾ നിൽക്കുന്ന ഈ നിമിഷത്തിനല്ലേ കൂടുതൽ അഴക്?”
നതാഷ: “ഒന്നുമല്ല സാം… വെറുതെ ഒരു കൗതുകം.
സാം എന്താ ഇതുവരെ വിവാഹം കഴിക്കാതിരുന്നത്?!!
ഇത്രയും മനോഹരമായി പ്രണയിക്കാൻ അറിയുന്ന ഒരാൾ എന്താ ഇപ്പോഴും തനിച്ച്?!!”
ആ ചോദ്യം ഒരു ചാട്ടവാറടി പോലെയാണ് സാമിന് അനുഭവപ്പെട്ടത്.
പെട്ടെന്ന് ബൈക്കിന്റെ ബാലൻസ് ഒന്ന് പാളി.
ടയറുകൾ റോഡിലെ ചരലിൽ ഉരഞ്ഞു.
നതാഷ ഭയന്ന് അവനെ കൂടുതൽ മുറുക്കെ പിടിച്ചു.
സാം ബൈക്ക് നിയന്ത്രിച്ചുകൊണ്ട് ഒന്ന് ചെരിഞ്ഞു അവളെ നോക്കി.
ആ കണ്ണുകളിൽ പ്രണയമായിരുന്നില്ല, മറച്ചുപിടിക്കാൻ ശ്രമിക്കുന്ന ഏതോ കറുത്ത ഭൂതകാലത്തിന്റെ നിഴലായിരുന്നു.