നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

Posted by

ഞങ്ങൾ ആ ഭീമൻ കവാടത്തിന് മുന്നിൽ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുമ്പോഴാണ്, ആ വലിയ ഗേറ്റിന്റെ വശത്തുള്ള ഒരു ചെറിയ ജാലകം കഷ്ടിച്ച് ഒരാളുടെ തല മാത്രം കാണാവുന്ന രീതിയിൽ തുറന്നത്.

 

അതിലൂടെ കറുത്ത വസ്ത്രം ധരിച്ച, അത്യാവശ്യം നല്ല ശരീരപ്രകൃതിയുള്ള ഒരാളുടെ മുഖം പുറത്തേക്ക് വന്നു.

 

അയാളുടെ കണ്ണുകളിൽ സംശയത്തിന്റെ നിഴലുണ്ടായിരുന്നു.

 

“യാര്…? എന്ന വേണം…?”

(ആരാ…? എന്ത് വേണം…?)

 

അയാൾ തമിഴിൽ ഗൗരവത്തോടെ ചോദിച്ചു.

 

എന്ത് പറയണം എന്നാലോചിച്ചു നിൽക്കുമ്പോഴാണ് കൃതിക അവളുടെ വായ തുറന്നത്…:

 

“ഉള്ള പോണം… അദിക്കുതാൻ വന്തോം…”

(ഉള്ളിൽ പോവണം… അതിനാണ് വന്നത്…)

 

അവളുടെ ആ മറുപടി കേട്ട് ഞങ്ങളെല്ലാവരും ചെറുതായി ഞെട്ടിപ്പോയി. ഇങ്ങനെയാണോ ഒരാളോട് അനുവാദം ചോദിക്കുന്നത്? യാതൊരു മുൻപരിചയവുമില്ലാതെ, കാര്യം പോലും പറയാതെ ഉള്ളിൽ കയറണമെന്ന് പറഞ്ഞാൽ അയാൾ സമ്മതിക്കുമോ?

 

കുറച്ച് ചളിപ്പോടെ ഞാനയാളെ നോക്കി…

 

അയാൾ ചൂടാവുമെന്ന് കരുതിയെങ്കിലും

സംഭവിച്ചത് മറ്റൊന്നായിരുന്നു…

 

ആ ചെറിയ ജാലകത്തിലൂടെ അയാൾ കൃതികയെയും ഞങ്ങളെയും ഒന്ന് അടിമുടി നോക്കി. ആ നോട്ടത്തിൽ എന്തൊക്കെയോ അളക്കുന്നതുപോലെ തോന്നി. ശേഷം, ഒരു ഭാവഭേദവുമില്ലാതെ അയാൾ ആ ജാലകം വലിച്ചടച്ചു.

 

അടുത്ത നിമിഷം…

 

വലിയ ഇരുമ്പ് ചങ്ങലകൾ നീങ്ങുന്ന ശബ്ദത്തോടെ ആ ഭീമൻ വാതിൽ മെല്ലെ തുറന്നുവന്നു.

 

ഇത്ര പെട്ടെന്നോ? ഇയാൾ സമ്മതിച്ചോ?

ഞാൻ അത്ഭുതപ്പെട്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *