നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

Posted by

 

അവളുടെ മുഖം വിളറി വെളുത്തിരുന്നു. അവൾ വിറയ്ക്കുന്ന കണ്ണുകളോടെ സ്റ്റേജിൽ നിൽക്കുന്ന ആമിയെത്തന്നെ ഉറ്റുനോക്കുകയാണ്.

 

“ദേവാ… വേണ്ടാ…”

 

നിധിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

 

“എന്താടി…? വിട്… അവൾ ആമിയെ കൊന്നുകളയും…” ഞാൻ കൈ കുടഞ്ഞെറിയാൻ ശ്രമിച്ചു.

 

“അല്ല… അത് നമ്മുടെ ആമിയല്ല…”

 

നിധി പറഞ്ഞത് കേട്ട് ഞാൻ സ്തംഭിച്ചുപോയി.

 

“എനിക്ക്… എനിക്ക് കാണാൻ പറ്റുന്നുണ്ട്… അവളുടെ ശരീരത്തിൽ നിന്നും ഒരു പ്രത്യേക തരം കറുത്ത പുക വരുന്നത് പോലെ… പേടിപ്പെടുത്തുന്ന എന്തോ ഒന്ന്…”

 

നിധിയുടെ വാക്കുകളിൽ വല്ലാത്തൊരു ഭയമുണ്ടായിരുന്നു.

ഞാൻ പെട്ടെന്ന് ആമിയെ ഒന്ന് നോക്കി.

 

അവളുടെ നിൽപ്പ്, ഭാവം… എല്ലാം മാറിയിരിക്കുന്നു. ഞാൻ അവളുടെ വലതു കയ്യിലേക്ക് ശ്രദ്ധിച്ചു. വാൾ പിടിച്ചിരിക്കുന്ന കൈയ്യിൽ ഒരു കറുത്ത ഗ്ലൗസ് അവൾ ഇട്ടിട്ടുണ്ട്.

 

‘മോതിരം…’

 

എന്തോ പന്തികേട് തോന്നിയ ഞാൻ, തൊട്ടടുത്ത് നിന്നിരുന്ന റോസിന്റെ കയ്യിൽ നിന്നും ആമിയുടെ ആ ചെറിയ സ്ലിംഗ് ബാഗ് പിടിച്ചുവാങ്ങി.

 

വെപ്രാളത്തോടെ അതിന്റെ സിബ്ബ് തുറന്ന് ഉള്ളിലേക്ക് കൈയിട്ടു.

അതാ കിടക്കുന്നു… ആ ചുവന്ന പെട്ടി.

 

എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ ആ പെട്ടി തുറന്നു.

 

ശൂന്യം…!

 

അതിനുള്ളിൽ ആ മോതിരമില്ല.

 

എന്റെ തലയിൽ ഇടിവെട്ടിയതുപോലെയായി. അവൾ ആ മോതിരം ഇട്ടിട്ടുണ്ട്. ആ കറുത്ത ഗ്ലൗസിനുള്ളിൽ, അവളുടെ വിരലിൽ ആ മോതിരം സ്ഥാനം പിടിച്ചിട്ടുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *