രണ്ടുപേരും വീണ്ടും കൊരുത്തു. ഇത്തവണ വാളുകൾ കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന തീപ്പൊരികൾക്ക് വലിപ്പം കൂടുതലായിരുന്നു. അവരുടെ ചലനങ്ങൾ കാണാൻ പോലും കഴിയാത്ത അത്ര വേഗത്തിലായി.
രണ്ട് മിന്നലുകൾ തമ്മിൽ ഏറ്റുമുട്ടുന്നതുപോലെ.
പെട്ടെന്ന് ആമി തന്റെ വാൾ രണ്ടുകൈ കൊണ്ടും പിടിച്ച്, വായുവിൽ ഉയർന്നു പൊങ്ങി നിഹാരയുടെ നേരെ ആഞ്ഞുവെട്ടി.
നിഹാര അത് തടഞ്ഞു നിർത്തി…
രണ്ട് വാളുകളും കൂട്ടിമുട്ടിയപ്പോൾ ഉണ്ടായ ആഘാതത്തിൽ, അവർ നിൽക്കുന്ന ആ മരത്തട്ടി വിള്ളൽ വീണു പൊട്ടി. ആ ശബ്ദം കേട്ട് ഹാളിലുള്ളവർ മുഴുവൻ ചെവി പൊത്തിപ്പോയി.
ഒരു ഷോക്ക് വെയ്‌വ് പോലെ കാറ്റ് ചുറ്റുമുള്ളവരെ ചെറുതായി തള്ളിമാറ്റി.
അതിൽ നിന്നും, നിഹാരയുടെ വാൾ തെറിച്ച് ദൂരേക്ക് പോയി വീഴുന്നതും ഞങ്ങൾ കണ്ടു.
നിഹാര തറയിൽ മുട്ടുകുത്തി ഇരിക്കുകയാണ്. അവളുടെ കഴുത്തിന് തൊട്ടുമുന്നിലായി, ആമിയുടെ വാളിന്റെ മുന തിളങ്ങി നിൽക്കുന്നു.
ആമിയുടെ മുഖത്ത് ഒരു ക്രൂരമായ ഭാവം.
അവൾ വാൾ മെല്ലെ മുന്നോട്ട് നീക്കി. നിഹാരയുടെ കഴുത്തിൽ നിന്നും ഒരു തുള്ളി ചോര പൊടിഞ്ഞു.
ഇനി ഒരു സെക്കന്റ് കൂടി കഴിഞ്ഞാൽ… ആമി അവളെ കൊല്ലും.
ആമിയുടെ കയ്യിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി. അവളുടെ കണ്ണുകളിലേ ആ ഭാവം. അവൾ വാൾ ഉയർത്തിപ്പിടിച്ച് ഓങ്ങാൻ തുടങ്ങി.
കാര്യങ്ങൾ കൈവിട്ടു പോയി എന്ന് എനിക്ക് മനസ്സിലായി.
“ആമീ….!!!!”
ഞാൻ അലറിക്കൊണ്ട് സ്റ്റേജിലേക്ക് പാഞ്ഞു കയറി. എന്റെ പിന്നാലെ നിധിയും രാഹുലും സച്ചിനും ഓടി വന്നു.